കൊച്ചി: കാക്കനാട് യുവതിയുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. ട്രിപ്പ് മുടക്കിയ സംഭവത്തിലാണ് ഇൻഫോപാർക്ക് – മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന 'മലയിൽ' ബസിന്റെ പെർമിറ്റ് 10 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. അപകടവുമായി ബന്ധപ്പെട്ടും ബസിനെതിരെ ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശിയും ഇൻഫോപാർക്ക് ജീവനക്കാരിയുമായ അക്ഷരയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. രാവിലെ എട്ടുമണിയോടെ ജിമ്മിൽ നിന്ന് മടങ്ങുകയായിരുന്ന അക്ഷരയെ അമിതവേഗതയിലെത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ ജീവൻ രക്ഷിക്കാനായില്ല.
ബസ് അമിത വേഗതയിലായിരുന്നു എന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മനപ്പൂർവ്വമുള്ള നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത പോലീസ് ബസ് ഡ്രൈവർ ബിനോയിയെ അറസ്റ്റ് ചെയ്തു.
