കൊച്ചി: കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ 'ശ്രേഷ്ഠ ബാവാ പുരസ്കാരം' പ്രശസ്ത ചലച്ചിത്ര നടൻ മമ്മൂട്ടിക്ക്. സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും നൽകിവരുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആരോഗ്യ-വിദ്യാഭ്യാസ ഉന്നമനത്തിനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ', ഹൃദ്രോഗികളായ കുട്ടികൾക്ക് സൗജന്യ ചികിത്സാ സഹായം നൽകുന്ന 'ഹൃദയസ്പർശം' പദ്ധതി തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമാണെന്ന് പുരസ്കാര സമിതി വിലയിരുത്തി.
2024-ൽ ഏർപ്പെടുത്തിയ പ്രഥമ ശ്രേഷ്ഠ ബാവാ പുരസ്കാരം മുൻ ഐ.എസ്.ആർ.ഒ ചെയർമാനും വി.എസ്.എസ്.സി ഡയറക്ടറുമായിരുന്ന എസ്. സോമനാഥിനും, കഴിഞ്ഞ വർഷം മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായ്ക്കുമാണ് ലഭിച്ചത്.
