Zygo-Ad

രാജ്യ തലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിന് ഒരാണ്ട്; പൊലിഞ്ഞത് 14 ജീവനുകൾ


ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച ചെങ്കോട്ട സ്ഫോടനത്തിന് ചൊവ്വാഴ്ച ഒരു വർഷം തികയുന്നു. 2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ 14 നിരപരാധികളാണ് കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളും സമീപത്തെ കെട്ടിടങ്ങളും സ്ഫോടനത്തിൽ തകർന്നിരുന്നു.

ഡൽഹി പോലീസ് ആരംഭിച്ച കേസിന്റെ അന്വേഷണം പിന്നീട് എൻ.ഐ.എ (ദേശീയ അന്വേഷണ ഏജൻസി) ഏറ്റെടുക്കുകയായിരുന്നു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡോ. ഉമർ ഉൻ നബിയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് എൻ.ഐ.എ കണ്ടെത്തി. ഡി.എൻ.എ പരിശോധനയിലൂടെയാണ് കാറിലുണ്ടായിരുന്ന ചാവേറിന്റെ സാന്നിധ്യം അന്വേഷണ ഏജൻസി സ്ഥിരീകരിച്ചത്. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഭീകരശൃംഖലയെക്കുറിച്ചും അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചു.

2026 മേയ് 14-ന് കേസിൽ 7,500 പേജുള്ള കുറ്റപത്രം എൻ.ഐ.എ സമർപ്പിച്ചു. 588 സാക്ഷിമൊഴികളും നാനൂറോളം രേഖകളും തെളിവുകളായി കോടതിയിൽ ഹാജരാക്കി. അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ചതോടെ കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ എണ്ണം 13 ആയി ഉയർന്നു.

ഡൽഹിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ കേസിൽ വാദം കേൾക്കൽ പുരോഗമിക്കുകയാണ്. പ്രതിഭാഗത്തിന്റെ വാദം നവംബർ 14 മുതൽ കോടതി പരിഗണിക്കും.



വളരെ പുതിയ വളരെ പഴയ