Zygo-Ad

പൾസ് പോളിയോ പ്രതിരോധ ദിനം നവംബർ 22-ന്; കണ്ണൂർ ജില്ലയിൽ 1.35 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും


കണ്ണൂർ: സബ് നാഷണൽ ഇന്റൻസിഫൈഡ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി നവംബർ 22-ന് ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,35,142 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും. 1,655 അതിഥി തൊഴിലാളി കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും.

ഇതിനായി ജില്ലയിലുടനീളം 1,586 വാക്സിനേഷൻ ബൂത്തുകൾ പ്രവർത്തിക്കും. കൂടാതെ 42 ട്രാൻസിറ്റ് ബൂത്തുകളും 127 മൊബൈൽ ബൂത്തുകളും സജ്ജീകരിക്കും. ബൂത്തുകൾ വഴി വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് വീടുകളിലെത്തി തുള്ളിമരുന്ന് നൽകുന്നതിനായി 4,137 വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമ്പെയിന്റെ സുഗമമായ നടത്തിപ്പിനായി 519 സൂപ്പർവൈസർമാരും 3,465 ബൂത്ത് വോളണ്ടിയർമാരും പങ്കാളികളാകും.

വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാണ് പരിപാടി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിതാ-ശിശുവികസന വകുപ്പ്, പോലീസ്, കുടുംബശ്രീ, റെയിൽവേ, വനം വകുപ്പ് തുടങ്ങിയവയ്ക്കൊപ്പം ഐ.എം.എ, റോട്ടറി, ലയൺസ് ക്ലബ്ബുകൾ എന്നിവയും പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങൾ, ആദിവാസി മേഖലകൾ, പ്രധാന യാത്രാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും. അഞ്ച് വയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും നവംബർ 22-ന് അടുത്തുള്ള ബൂത്തുകളിലെത്തിച്ച് തുള്ളിമരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ