Zygo-Ad

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തയ്ബ ഉന്നത കമാന്‍ഡറെ സൈന്യം വധിച്ചു


ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തയ്ബയുടെ ഉന്നത കമാന്‍ഡര്‍ ലത്തീഫ് ഭട്ട് കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ മുതല്‍ ഒരു പള്ളിക്കുള്ളില്‍ അഭയം പ്രാപിച്ച ഇയാളെ ജീവനോടെ പിടികൂടാന്‍ സൈന്യം ശ്രമം നടത്തിയെങ്കിലും ഭീകരന്‍ കീഴടങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാളെ വധിച്ചത്.

കുല്‍ഗാമിലെ വിവിധ ഗ്രാമങ്ങളില്‍ ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കിയതിനിടെ, പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലത്തീഫ് ഭട്ടിന്റെ പ്രധാന സഹായിയായ ഉമര്‍ നിസാര്‍ ദാര്‍ തിങ്കളാഴ്ച കുല്‍ഗാമിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

നവംബര്‍ 11-ന് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്) ചെക്ക്‌പോയിന്റിനു നേരെ ഭീകരാക്രമണം നടത്തുന്നതിന് മുന്‍പായി, നിസാര്‍ ദാറും ലത്തീഫ് ഭട്ടും ചേര്‍ന്ന് പ്രദേശം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റ ഈ ആക്രമണത്തിന് പിന്നാലെ ഇരുവരും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സൈന്യം നടത്തിയ ശക്തമായ തിരിച്ചടിയിലാണ് ഇരുവരെയും വധിക്കാനായത്.



വളരെ പുതിയ വളരെ പഴയ