തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത സംസ്ഥാനവ്യാപക ഓട്ടോ-ടാക്സി പണിമുടക്ക് നവംബർ 12 വ്യാഴാഴ്ച നടക്കും. നവംബർ 11 ബുധനാഴ്ച അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 24 മണിക്കൂർ നീണ്ടുനിൽക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു. ഓട്ടോ-ടാക്സി നിരക്കുകൾ പുതുക്കി നിശ്ചയിക്കുക എന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഓട്ടോയുടെ മിനിമം നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായി ഉയർത്തണമെന്നതാണ് യൂണിയനുകളുടെ പ്രധാന ആവശ്യം. നാലുവർഷം മുമ്പാണ് അവസാനമായി സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിച്ചത്. അതിനുശേഷം 16 തവണ ഇന്ധനവില ഉയർന്നുവെന്നും ഇൻഷുറൻസ് പ്രീമിയം, നികുതി, വാഹന പരിശോധനാ ഫീസ് എന്നിവ വൻതോതിൽ വർധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് നീങ്ങുന്നത്.
