കൊച്ചി: കൊച്ചിയിലെ ഡിജെ പാർട്ടികൾക്കുള്ള നിയന്ത്രണത്തിൽ പൊലീസിന് ഹൈക്കോടതിയിൽ തിരിച്ചടി. ഡിജെ പാർട്ടികൾ തടയാൻ പൊലീസിന് കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹോട്ടലുകൾക്ക് പൊലീസ് നൽകിയ നോട്ടീസ് റദ്ദാക്കി. കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.
ലൈസൻസുള്ള ബാർ ഹോട്ടലുകളുടെ പ്രവർത്തനസമയം ഏകപക്ഷീയമായി വെട്ടിക്കുറയ്ക്കാനാവില്ല. എഫ്എൽ-3 ലൈസൻസ് പ്രകാരം ബാറുകൾക്കും ഹോട്ടലുകൾക്കും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. അനുവദിക്കപ്പെട്ട ഈ സമയത്തിനുള്ളിൽ സ്ഥാപനം പ്രവർത്തിപ്പിക്കാൻ ഹോട്ടൽ ഉടമകൾക്ക് പൂർണ്ണ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
