Zygo-Ad

ഹൈക്കോടതിയുടെ രൂക്ഷവിമർശനം: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനിൽ കോടതി ഇടപെടൽ

 


കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൂന്ന് മാസത്തോളമായി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു നിർത്തിയിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇനിയും അരിശം തീർന്നില്ലേ എന്നും ഇനിയെന്ത് മാപ്പാണ് സർവകലാശാലയ്ക്ക് വേണ്ടതെന്നും ആരായുകയുണ്ടായി. സസ്പെൻഷനിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ട കോടതി, ഒരേ വിഷയത്തിൽ വിദ്യാർത്ഥികൾക്കെതിരെ രണ്ട് എഫ്ഐആർ എന്തിനാണ് രജിസ്റ്റർ ചെയ്തതെന്നും ചോദിച്ചു. സസ്പെൻഷനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജി പ്രാഥമികമായി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ.

ഇവരൊക്കെ കുട്ടികളല്ലേയെന്ന് നിരീക്ഷിച്ച കോടതി, നിലവിലെ മുതിർന്ന രാഷ്ട്രീയക്കാർ വിദ്യാർത്ഥികളായിരുന്ന സമയത്ത് എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുണ്ടാകാമെന്ന് ചോദിച്ചു. വിദ്യാർത്ഥികളുടെ എല്ലാ പ്രവൃത്തികളെയും ന്യായീകരിക്കുന്നില്ലെങ്കിലും അറുപത് ദിവസത്തിലേറെയായി അവർ കാമ്പസിന് പുറത്ത് നിൽക്കുകയല്ലേയെന്ന് കോടതി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്കെതിരെയുള്ള അച്ചടക്ക നടപടി അവസാനിച്ചില്ലേയെന്ന് ചോദിച്ച കോടതി, മാപ്പെഴുതി വാങ്ങുന്നതിനെയും ചോദ്യം ചെയ്തു.

വൈസ് ചാൻസലറെ കൈയേറ്റം ചെയ്തതിനും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിനുമാണ് നടപടിയെടുത്തതെന്നാണ് സർവകലാശാല കോടതിയെ അറിയിച്ചത്. രണ്ടു സംഭവങ്ങളിലായി വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സർവകലാശാല വിശദീകരിച്ചെങ്കിലും, ഒരേ സാഹചര്യത്തിൽ രണ്ടു ദിവസം കൊണ്ട് രണ്ട് കേസുകൾ എങ്ങനെ നിലനിൽക്കുമെന്ന സംശയം കോടതി ഉന്നയിച്ചു. നടപടികൾ ഇത്രത്തോളം നീട്ടിക്കൊണ്ടുപോകുന്നതിന്റെ ആവശ്യകതയെയും ഹൈക്കോടതി ചോദ്യം ചെയ്തു.

പതിനാറ് വിദ്യാർത്ഥികൾക്കെതിരെയുള്ള സസ്പെൻഷൻ പിൻവലിക്കുക, പരീക്ഷ എഴുതാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ സമർപ്പിച്ച റിട്ട് ഹർജി ഭേദഗതി ചെയ്താണ് പുതിയ ഹർജി നൽകിയത്. പരീക്ഷ എഴുതാൻ ആവശ്യമായ അറുപത് ശതമാനം ഹാജർ തങ്ങൾക്കുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, മാപ്പെഴുതി നൽകിയാൽ പന്ത്രണ്ട് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന സിൻഡിക്കേറ്റിന്റെ നിർദ്ദേശം വിദ്യാർത്ഥികൾ തള്ളിക്കളഞ്ഞിരുന്നു. കേസിൽ വെള്ളിയാഴ്ച വിശദമായ വാദം കേൾക്കും.




വളരെ പുതിയ വളരെ പഴയ