തൃക്കാക്കര പൈപ്പ് ലൈൻ റോഡിൽ അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ച് ഒരേ സ്കൂട്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടിയെടുത്തു. വാഹനം ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു. കൂടാതെ, കുറ്റക്കാരായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
നിയമലംഘനം നടത്തിയതിന് വാഹന ഉടമയ്ക്ക് ആകെ 2,500 രൂപ പിഴ ചുമത്തി. സ്കൂട്ടറിൽ അഞ്ചുപേർ ഒരുമിച്ച് യാത്ര ചെയ്തതിന് 1,000 രൂപയും, ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപയുമാണ് പിഴ തുക.
മറ്റൊരു സംഭവത്തിൽ, കാറിന്റെ സൈലൻസറിൽ അനധികൃതമായി രൂപമാറ്റം വരുത്തി അമിതശബ്ദമുണ്ടാക്കി വാഹനം ഓടിച്ച സ്വകാര്യ കോളജ് വിദ്യാർത്ഥിക്ക് 12,000 രൂപ പിഴ ചുമത്തി. സൈലൻസറിൽ സമാനമായ രീതിയിൽ മാറ്റം വരുത്തിയ വാഹനവുമായി കോതാട് സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും പിടിയിലായിട്ടുണ്ട്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനായുള്ള നോട്ടീസ് മോട്ടോർ വാഹന വകുപ്പ് കൈമാറി.
