Zygo-Ad

മണ്‍സൂണ്‍ അവസാനിക്കുന്ന വേളയില്‍ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്


മണ്‍സൂണ്‍ അവസാനിക്കുന്ന സമയം ആയതിനാല്‍ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യരോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടവിട്ടുള്ള മഴയും വെയിലും വരുന്ന കാലാവസ്ഥ കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കുന്നതിനാല്‍ പൊതുജനം അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മഴയ്ക്കു പിന്നാലെ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഈഡിസ് കൊതുകുകൾ വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടയറുകൾ, ചിരട്ടകൾ തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഇടങ്ങൾ ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കണം. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ വെള്ളം ഒഴുക്കിക്കളഞ്ഞ് ഉരച്ചുകഴുകുകയും വേണം.

ആഴ്ചയിലൊരിക്കൽ 'ഡ്രൈ ഡേ' ആചരിച്ച് ഇത്തരം സാധനങ്ങൾ വൃത്തിയാക്കണം. കുടിവെള്ള ടാങ്കുകൾ കൊതുകുകടക്കാത്ത വിധം ഭദ്രമായി മൂടിവയ്ക്കണം. കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ കൊതുകുവലകള്‍ ഉപയോഗിക്കാനും, ക്രീമുകൾ പുരട്ടാനും, ശരീരം പൂര്‍ണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും ശ്രദ്ധിക്കണം.

പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കണം. പനി കുറയാൻ കാത്തിരിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ വ്യക്തിയും സ്ഥാപനവും സ്വന്തം പരിസരം കൊതുക് വിമുക്തമാക്കുന്നതിൽ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഓർമ്മിപ്പിച്ചു.



വളരെ പുതിയ വളരെ പഴയ