Zygo-Ad

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് സമരം വഷളാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്: വി. ശിവൻകുട്ടി


തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്‌സ് സമരം, മയിൽപ്പീലി സ്‌കോളർഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലംമാറ്റങ്ങൾ, പരിശീലന പരിപാടികൾ തുടങ്ങി വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

എൽ.പി.എസ്.ടി സമരത്തെ ഇത്രത്തോളം വഷളാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നടക്കാത്ത കാര്യങ്ങൾ വരെ തങ്ങൾ അധികാരത്തിലേറിയാൽ നടപ്പിലാക്കുമെന്ന് പറഞ്ഞ് നടന്നിരുന്ന ആളാണ് മുഖ്യമന്ത്രി. അന്ന് നൽകിയ പൊള്ളയായ വാഗ്ദാനങ്ങളാണ് ഇപ്പോൾ പ്രതിഷേധങ്ങൾ ആളിക്കത്താൻ ഇടയാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലീം ലീഗിനെതിരെയും രൂക്ഷ വിമർശനം:

വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിനെതിരെയും വി. ശിവൻകുട്ടി കടുത്ത വിമർശനം ഉന്നയിച്ചു. വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങൾക്ക് മുസ്ലീം ലീഗ് പൂർണ്ണമായും കീഴടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അധ്യാപകർക്ക് കൃത്യമായി പരിശീലനം നൽകാൻ പോലും നിലവിലെ വിദ്യാഭ്യാസ വകുപ്പിന് കഴിയുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൃത്യമായ ഇടവേളകളിൽ അധ്യാപകർക്ക് ട്രെയിനിങ് നൽകിയിരുന്നു. സെൻസസ് പോലുള്ള ഔദ്യോഗിക ആവശ്യങ്ങൾക്ക് അധ്യാപകർ പോകുമ്പോൾ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികൾ ക്ലാസുകളിൽ വെറുതെയിരിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ വകുപ്പിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങളാണ് നടക്കുന്നതെന്നും, ഇത് സംസ്ഥാനത്തെ അക്കാദമിക് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.



വളരെ പുതിയ വളരെ പഴയ