തിരുവനന്തപുരം: സംസ്ഥാനത്ത് അരിവില ക്രമാതീതമായി ഉയരുകയാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി. വ്യാജപ്രചാരണം നടത്തി കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച് അരിവിലയും ഭക്ഷണവിലയും വർധിപ്പിക്കാനുള്ള നീക്കമാണിതിന് പിന്നിലെന്നാണ് സംശയം. ഓണക്കാലത്തിനുശേഷം ഇതുവരെ അരിവിലയിൽ നേരിയ വ്യതിയാനം മാത്രമാണ് ഉണ്ടായിട്ടുള്ളത്.
ദേശീയതലത്തിൽ വിലക്കയറ്റത്തോത് വർധിച്ച സാഹചര്യത്തിൽ, ജാഗ്രതയോടെ വിപണി നിരീക്ഷണം തുടരാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി അനൂപ് ജേക്കബ് നിർദ്ദേശം നൽകി. കൃത്രിമ വിലക്കയറ്റമുണ്ടാക്കാൻ സർക്കാർ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. മൊത്തവ്യാപാര കേന്ദ്രങ്ങളിലും നഗര-ഗ്രാമപ്രദേശങ്ങളിലെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ അരിവിലയിൽ ക്രമാതീതമായ വർധന കണ്ടെത്താനായില്ല.
കണക്കുകൾ ഇങ്ങനെ:
* ഒക്ടോബറിലെ ദേശീയ ചില്ലറ അരിവില വർധനസൂചിക പ്രകാരം കേരളം 17-ാം സ്ഥാനത്താണ്.
* അരിവില സൂചികയിൽ കഴിഞ്ഞ മാസത്തെ ദേശീയ ശരാശരി 12.51% ആണെങ്കിൽ കേരളത്തിലിത് 8.54% മാത്രമാണ്.
* അരിയുടെ വിലക്കയറ്റത്തിൽ പുതുച്ചേരി (28.54%), ആന്ധ്രാപ്രദേശ് (26.69%), തെലങ്കാന (24.47%), കർണാടക (22.43%), ദാദ്ര നഗർ ഹവേലി (21.11%) എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്.
* രാജ്യത്തെ ഭക്ഷ്യവിലക്കയറ്റത്തോതിൽ കേരളം അഞ്ചാമതും (10.92%) പൊതു വിലക്കയറ്റത്തിന്റെ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്തുമാണ് (4.37%).
സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിന്റെ പ്രൈസ് മോണിറ്ററിങ് സെൽ തയാറാക്കുന്ന പ്രതിദിന വിലപരിശോധനാ പട്ടികപ്രകാരം, കഴിഞ്ഞ ജൂലൈ മുതൽ ഈ മാസം 13 വരെ മട്ട അരിക്ക് ശരാശരി 1.50 മുതൽ 1.90 രൂപയുടെ വർധന മാത്രമാണുണ്ടായത്. പൊന്നി അരിയുടെ വില വർധിച്ചെങ്കിലും കേരളത്തിൽ ഇതിന്റെ ഉപഭോഗം വളരെ കുറവാണ്. പൊന്നിയുടെ വില മറയാക്കിയാണ് അരിവില വർധിച്ചെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും ഭക്ഷ്യവകുപ്പ് ചൂണ്ടിക്കാട്ടി.
കൃത്രിമ വിലക്കയറ്റം തടയുന്നതിനായി ഓണക്കാലത്തെന്നപോലെ അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ കൂടുതൽ അളവിൽ വിപണിയിലെത്തിക്കും. രാജ്യത്തുള്ള പൊതുവിലക്കയറ്റത്തിൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിയുന്നത് ഇവിടത്തെ പൊതുവിതരണ സംവിധാനം ശക്തമായതിനാലാണെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ വ്യക്തമാക്കി.
