Zygo-Ad

സോളാർ ലൈറ്റ് മോഷണത്തിനിടെ കുട്ടികൾ പിടിയിൽ; നാദാപുരത്ത് നാട്ടുകാർ ആശങ്കയിൽ


നാദാപുരം (കോഴിക്കോട്): നാദാപുരം കുമ്മങ്കോട് പ്രദേശത്ത് സോളാർ ലൈറ്റ് മോഷണത്തിനിടെ കുട്ടികൾ നാട്ടുകാരുടെ പിടിയിലായി. പ്രദേശത്തെ വീടുകളിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വ്യാപകമായി മോഷണം പോകുന്നതായി നാട്ടുകാർ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ പോസ്റ്റിൽ കയറി സോളാർ ലൈറ്റ് മോഷ്ടിക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ നാട്ടുകാർ കൈയോടെ പിടികൂടി നാദാപുരം പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മോഷണം പോയ നിരവധി തൊണ്ടിമുതലുകൾ കണ്ടെടുത്തു. മോഷണത്തിന് പിന്നിൽ കുട്ടികളുടെ രക്ഷിതാക്കൾക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ട്.

കഴിഞ്ഞ വർഷവും പ്രദേശത്ത് സമാനമായ രീതിയിൽ നിരവധി മോഷണങ്ങൾ നടത്തി പിടിയിലായവർ തന്നെയാണ് ഇപ്പോഴും പിടിയിലായതെന്ന് നാട്ടുകാർ പറയുന്നു. പ്രായം പരിഗണിച്ച് അന്ന് പോലീസ് കേസെടുക്കാതെ വിട്ടയച്ചതാണ് മോഷണം തുടരാൻ കാരണമായതെന്ന ആശങ്കയും പ്രതിഷേധവുമാണ് പ്രദേശവാസികൾക്കിടയിൽ ഉയരുന്നത്.



വളരെ പുതിയ വളരെ പഴയ