Zygo-Ad

മിഷൻ ചെന്നൈ പരാജയം; മണ്ഡല പുനർനിർണയ ബില്ലിൽ ബിജെപിക്ക് പിന്തുണ നൽകി സ്റ്റാലിൻ


ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഡിഎംകെ ഉറച്ചുനിൽക്കുന്നു. ബില്ലിനെ പരാജയപ്പെടുത്താൻ പിന്തുണ തേടി ചെന്നൈയിലെത്തി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി ഇന്ത്യ മുന്നണി നേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ നേതാക്കളെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഇന്ത്യ മുന്നണി നേതാക്കൾ സ്റ്റാലിന്റെ വസതിയിൽ നിന്ന് മടങ്ങി.

ബില്ലിനെ എതിർക്കാൻ ഡിഎംകെയുടെ പിന്തുണ തേടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷന്മാരായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചെന്നൈയിലെത്തിയത്. ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കുകയായിരുന്നു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരളത്തിലെ നേതാവ് വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഡിഎംകെ ബില്ലിനെ പിന്തുണയ്ക്കാൻ കാരണം

ലോക്സഭയിൽ 22-ഉം രാജ്യസഭയിൽ എട്ടും എംപിമാരുള്ള ഡിഎംകെ, ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയുടെ മണ്ഡല പുനർനിർണയ ബില്ലിന് ശനിയാഴ്ചയാണ് പിന്തുണ പ്രഖ്യാപിച്ചത്. തങ്ങളുടെ രണ്ട് പ്രധാന ആവശ്യങ്ങൾ പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് പാർട്ടിയുടെ പോരാട്ടത്തിന്റെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും വിജയമാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. ലോക്സഭയിലെ 7.18 ശതമാനം സീറ്റ് വിഹിതം കുറയ്ക്കരുതെന്നും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യ അനുപാതം നിലനിർത്തണമെന്നുമായിരുന്നു ഡിഎംകെയുടെ പ്രധാന ആവശ്യങ്ങൾ. ഏപ്രിലിൽ അവതരിപ്പിച്ച മുൻ ബില്ലിനെ ശക്തമായി എതിർത്തിരുന്ന സ്റ്റാലിൻ, അന്ന് കറുത്ത വസ്ത്രം ധരിച്ച് ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

തമിഴ്നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യം

2026 ഏപ്രിലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം വിട്ട കോൺഗ്രസ്, സി. ജോസഫ് വിജയ്യുടെ ടിവികെ സർക്കാരിന് പിന്തുണ നൽകുകയും സഖ്യസർക്കാരിൽ പങ്കാളിയാവുകയും ചെയ്തിരുന്നു. അന്നുമുതൽ ഇരുപാർട്ടികളും തമ്മിൽ രൂക്ഷമായ വിമർശനങ്ങൾ നിലനിൽക്കുന്നുണ്ട്. മണ്ഡല പുനർനിർണയ വിഷയത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയെന്ന് ഡിഎംകെ ആരോപിച്ചിരുന്നു.

തിങ്കളാഴ്ച ലോക്സഭയിൽ മണ്ഡല പുനർനിർണയ ബിൽ പരിഗണിക്കാനിരിക്കെ, ബില്ലിനെ പരാജയപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യ സഖ്യ നേതാക്കൾ ചെന്നൈയിലും മുംബൈയിലും പര്യടനം നടത്തുന്നത്. സ്റ്റാലിനെ കൂടാതെ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെയും സംഘം കാണുന്നുണ്ട്.

 

വളരെ പുതിയ വളരെ പഴയ