ന്യൂഡൽഹി: ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വിലയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വിലക്കുറവ് പ്രാബല്യത്തിൽ വന്നു. വ്യാപാരികൾക്ക് ഈടാക്കാവുന്ന ലാഭവിഹിതത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് 1,364 ക്യാൻസർ മരുന്നുകളുടെ പുതുക്കിയ വിലയാണ് നിലവിൽ വന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 3,540.38 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ദേശീയ ഔഷധ വിലനിർണയ അതോറിറ്റി (NPPA) 137 ക്യാൻസർ മരുന്നുകളുടെ ലാഭവിഹിതത്തിലാണ് പരിധി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി പ്രമുഖ കമ്പനികളുടെ ബ്രാൻഡഡ് മരുന്നുകൾക്ക് വലിയ തോതിൽ വില കുറഞ്ഞു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് രൂപീകരിച്ച വിദഗ്ധ സമിതി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാൻസർ ചികിത്സ ചെലവുകൾ സാധാരണക്കാർക്ക് താങ്ങാവുന്ന രീതിയിൽ കുറയ്ക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
നവംബർ 8 വരെയുള്ള കണക്കനുസരിച്ച് 85 ൌഷധ നിർമ്മാണ കമ്പനികൾ 121 മരുന്നുകളുടെ പുതുക്കിയ പരമാവധി ചില്ലറ വിൽപ്പന വില റിപ്പോർട്ട് ചെയ്തു. ഇതിൽ 679 ബ്രാൻഡുകളുടെ വിലയിൽ 50 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്. ചില മരുന്നുകൾക്ക് പരമാവധി 96.45 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
