Zygo-Ad

പഠനകാലത്തെ വിവാഹം: വിവാദ ഉത്തരവ് പിൻവലിച്ച് അസം മെഡിക്കൽ കോളേജ്


ന്യൂഡൽഹി: മെഡിക്കൽ പി.ജി വിദ്യാർത്ഥികൾ പഠനകാലത്ത് വിവാഹം കഴിക്കരുതെന്ന വിവാദ നിർദ്ദേശം അസം ദിബ്രുഗഡിലെ അസം മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (എ.എം.സി.എച്ച്) അധികൃതർ പിൻവലിച്ചു. പഠനകാലത്ത് വിവാഹം പോലുള്ള വ്യക്തിപരമായ ലക്ഷ്യങ്ങളിൽ നിന്ന് പിന്മാറണമെന്ന് വ്യക്തമാക്കി ബുധനാഴ്ചയാണ് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചത്.

ഉത്തരവിനെതിരെ വ്യാപക വിമർശനം ഉയരുകയും മെഡിക്കൽ വിദ്യാർത്ഥികളുടെ ദേശീയ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് അധികൃതർ തീരുമാനം പിൻവലിച്ചത്. ഉത്തരവ് തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

മെഡിക്കൽ പി.ജി വിദ്യാർത്ഥികൾക്ക് പ്രസവാവധി ഉൾപ്പെടെ അനുവദിക്കണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷന്റെ (എൻ.എം.സി) മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നത്. ഇതിന് വിരുദ്ധമാണ് അസമിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ നിർദ്ദേശമെന്ന് ശക്തമായ വിമർശനം ഉയർന്നിരുന്നു.



വളരെ പുതിയ വളരെ പഴയ