കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെയും ഇന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ഒന്നാം പ്രതി കെ.വി. സുമേഷ് ഉൾപ്പെടെയുള്ളവരെയാണ് എറണാകുളം ജില്ലാ ജയിലിൽ നിന്നും കണ്ണൂരിൽ എത്തിക്കുക. തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവരെയാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കേസിൽ ആകെ 13 പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ കൊലക്കുറ്റം തെളിഞ്ഞ ഏഴ് പേർക്ക് ജീവപര്യന്തം വിധിച്ചപ്പോൾ, തടവ് ശിക്ഷ മൂന്ന് വർഷത്തിൽ താഴെയുള്ള മറ്റ് ആറ് പ്രതികൾക്ക് ശിക്ഷ മരവിപ്പിച്ച് കോടതി ജാമ്യം അനുവദിച്ചു.
അതേസമയം, സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവർ ഉൾപ്പെടെ 18 പേരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സി.ബി.ഐയും ഷുക്കൂറിന്റെ കുടുംബവും ഹൈക്കോടതിയെ സമീപിക്കും. പ്രധാന സാക്ഷികളെ കോടതിയിൽ എത്തിക്കുന്നതിലടക്കം പ്രോസിക്യൂഷന് ഗുരുതര വീഴ്ച സംഭവിച്ചതായി വിധിപ്പകർപ്പിൽ പരാമർശമുണ്ട്.
