കൊച്ചി: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ മുൻ ഉത്തരവ് പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെത്തുടർന്ന് ഹൈക്കോടതി ഇതിന് അംഗീകാരം നൽകി. ഇതോടെ ബസ് ഉടമകൾക്ക് വാഹനങ്ങൾക്ക് ഇഷ്ടമുള്ള നിറം നൽകാൻ സാധിക്കും. 2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയത്.
ഈ നിയന്ത്രണത്തോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകൾ പരാതിപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഓൾ ഇന്ത്യ പെർമിറ്റ് ബസുകൾക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങൾക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചു. ഈ സാഹചര്യത്തിൽ ഉടമകളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ വിജ്ഞാപനമിറക്കിയത്.
പുതിയ തീരുമാനപ്രകാരം നിറം മാറ്റാൻ അനുവാദമുണ്ടെങ്കിലും, ബസിന്റെ ബോഡിയിൽ മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്സുകളോ എഴുത്തുകളോ പരസ്യങ്ങളോ പതിപ്പിക്കാൻ പാടില്ലെന്ന് കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി എൽഇഡി ലൈറ്റുകൾ, സ്ട്രിപ്പ് ലൈറ്റുകൾ, ഹാലൊജൻ ലാമ്പുകൾ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല. 2019ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.
