Zygo-Ad

'നിയോഗം വലുതാണെങ്കിൽ പരീക്ഷണവും വലുതായിരിക്കും, നിയമപോരാട്ടം തുടരും': ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ്


കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ നിയമപോരാട്ടം തുടരുമെന്ന് ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ്. "നിയോഗം വലുതാണെങ്കിൽ നിങ്ങൾക്കുള്ള പരീക്ഷണവും വലുതായിരിക്കും. നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇൻഷാ അല്ലാഹ്. നിയമപോരാട്ടം തുടരും. കൂടെ നിന്ന എല്ലാവർക്കും ഉമ്മ" എന്നായിരുന്നു ദാവൂദ് മുഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പ്.

വിധിക്ക് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാക്കളും രംഗത്തെത്തി. മുഖ്യസാക്ഷികൾ കോടതിയിൽ എത്താതിരുന്നതാണ് കേസിൽ ചിലർ കുറ്റവിമുക്തരാകാൻ ഇടയാക്കിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ഗൂഢാലോചന അടക്കം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസിൽ സാക്ഷികൾ മൊഴി നൽകാൻ വരാത്തത് തിരിച്ചടിയായെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമാണ്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട സാക്ഷികൾ ഭയന്ന് കോടതിയിൽ ഹാജരാകാതിരുന്നതാണ് വിധിയെ ബാധിച്ചതെന്നും, നിയമപരമായി സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ