കോഴിക്കോട്: ചാലിയാറിൽ ഊർക്കടവ് പാലത്തിന് സമീപം പുഴയിൽ വീണ് യുവാവിനെ കാണാതായി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. മത്സ്യം പിടിക്കാൻ വല വീശുന്നതിനിടെ കാലു തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഊർക്കടവ് റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതിനാൽ പുഴയിൽ ശക്തമായ കുത്തൊഴുക്കുണ്ട്.
മാവൂർ ഫയർ യൂണിറ്റും സ്കൂബ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥയും കലങ്ങിയ വെള്ളവും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വെളിച്ചക്കുറവ് കാരണം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് നാളെ രാവിലെ പുനരാരംഭിക്കുമെന്ന് ഫയർഫോഴ്സ് അറിയിച്ചു.
3 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിംഗ് സെന്ററുകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്.
എന്നാൽ റെസിഡൻഷ്യൽ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാലാ/പൊതു പരീക്ഷകൾക്കും അവധി ബാധകമല്ല. ശക്തമായ മഴയുള്ളതിനാൽ കുട്ടികൾ ജലാശയങ്ങൾക്കും അപകടസാധ്യതയുള്ള പ്രദേശങ്ങൾക്കും സമീപത്തേക്ക് പോകുന്നില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
