തിരുവനന്തപുരം: പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനുള്ള പ്രത്യേക പ്രചാരണയത്നത്തിന്റെ ഭാഗമായി പതിനേഴര വയസ്സുകാർക്കും വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡി സജിത് കുമാർ അറിയിച്ചു. അടുത്ത വർഷം ഒക്ടോബർ ഒന്നിന് പതിനെട്ട വയസ്സ് പൂർത്തിയാകുന്നവർക്കുവരെ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാനാകും. ഈ പ്രായപരിധിയിലുള്ള വിദ്യാർഥികളെ കണ്ടെത്തുന്നതിനായി നവംബർ രണ്ടുമുതൽ കാമ്പസ് ടു ബൂത്ത് പ്രചാരണപരിപാടി നടത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡി സജിത് കുമാർ അറിയിച്ചു.
നവംബർ പന്ത്രണ്ടിന് സംയോജിത കരടുപട്ടിക പ്രസിദ്ധീകരിക്കും. ഇതുവരെ വോട്ടർപട്ടികയിൽ പേരു ചേർക്കാത്തവർക്കും ഫോം ആറ് ഉപയോഗിച്ച് പേര് ചേർക്കാം. വില്ലേജ് ഓഫീസുകളിൽ നടക്കുന്ന പേര് ചേർക്കാനുള്ള നടപടിക്രമം അടുത്ത മാസവും തുടരും. ഓൺലൈനായും തെരഞ്ഞെടുപ്പ് കമീഷന്റെ ആപ്പ് വഴിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാം.
നവംബർ രണ്ടിന് മുൻപ് പോളിങ് സ്റ്റേഷനുകളുടെ പുനക്രമീകരണം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഒരേ കുടുംബത്തിലുള്ളവരുടെ പേരുകൾ പല പോളിങ് സ്റ്റേഷനുകളിലുണ്ട്. പേര് മാറിക്കിടക്കുന്നത് മാറ്റാൻ അപേക്ഷ നൽകാം. അല്ലെങ്കിൽ കമീഷൻ സ്വമേധയാ പരിഹരിക്കും. എസ്എസ്ആറിന്റെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക അടുത്തവർഷം ജനുവരി നാലിന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
