ചക്കരക്കൽ: ഉമ്മയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ച് വയസ്സുകാരി സ്കൂട്ടർ മറിഞ്ഞ് ദാരുണമായി മരണപ്പെട്ടു.പള്ളിപ്പൊയിൽ ഹാജറാസിൽ കെ പി ആസിഫിന്റെയും കടലായി കുറുവയിൽ ഷരീഫാസിൽ മുനീറയുടെയും മകൾ അയ്സൽ മറിയം ആണ് അപകടത്തിൽ മരിച്ചത്. മാച്ചേരി മാപ്പിള എൽപി സ്കൂൾ കെജി വിദ്യാർഥിനിയാണ് ഈ കുട്ടി.
വെള്ളിയാഴ്ച പകൽ ഒന്നോടെ പള്ളിപ്പൊയിൽ മഹാത്മാ മന്ദിരത്തിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. കണ്ണൂർ ഭാഗത്തുനിന്ന് ഉമ്മയ്ക്കൊപ്പം ഉപ്പയുടെ വീട്ടിലേക്ക് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ച സ്കൂട്ടർ റോഡിലെ ചരളിൽ തെന്നി മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് ഉടൻ തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചക്കരക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
