തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള ആഡംബര സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിറക്കി. സ്കൂൾ കാമ്പസുകളിൽ പഠനാന്തരീക്ഷവും അച്ചടക്കവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
വിദ്യാർത്ഥികൾ ഇത്തരം വസ്തുക്കൾ സ്കൂളിലേക്ക് കൊണ്ടുവരുന്നത് തടയാൻ ബാഗ് പരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാം. എന്നാൽ ഇത്തരത്തിൽ പരിശോധന നടത്തുമ്പോൾ കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും സ്വകാര്യതയ്ക്കും യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലായിരിക്കണം നടപടികളെന്ന് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം വർദ്ധിച്ചുവരുന്നതായും പഠനേതര കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിയുന്നതായും ഉയർന്ന പരാതികളെ തുടർന്നാണ് വിഷയത്തിൽ ബാലാവകാശ കമ്മീഷന്റെ ഇടപെടൽ. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂൾ അധികൃതർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
