Zygo-Ad

ഹരിപ്പാട് രണ്ടു വയസ്സുകാരന്റെ മരണം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; കുട്ടികൾ കഴിഞ്ഞത് അതീവ വൃത്തിഹീനമായ സാഹചര്യത്തിൽ,ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ല


ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരൻ രാഹുലിന്റെ മരണവുമായി ബന്ധപ്പെട്ട് അതീവ ഗുരുതരവും ഞെട്ടിക്കുന്നതുമായ വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പെടെ കുടുംബത്തിലെ മറ്റു കുട്ടികളും അതീവ വൃത്തിഹീനവും ശോചനീയവുമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നതെന്ന് പ്രദേശവാസികളും അധികൃതരും വ്യക്തമാക്കി.

വീടിന്റെ ഒരു ഭാഗത്ത് കിടക്കയിട്ട് അതിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നത്. മുൻപ് പൊതുപ്രവർത്തകർ ഇടപെട്ട് ഇവരെ ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്കകം ഇവർ കുട്ടികളുമായി വീണ്ടും പഴയ സ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. കുട്ടികൾക്ക് ആവശ്യമായ ഭക്ഷണമോ പാലോ നൽകാൻ മാതാപിതാക്കൾ തയ്യാറായിരുന്നില്ലെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ പറഞ്ഞു. നാട്ടുകാർ മുൻകൈയെടുത്ത് പലതവണ വാടകവീടുകൾ എടുത്തു നൽകിയെങ്കിലും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഇവർ കുട്ടികളുമായി പഴയ വീട്ടുപരിസരത്തേക്ക് തന്നെ തിരികെ എത്തിയിരുന്നു.

ഒരു കവർ പാൽ വാങ്ങി അതിൽ വെള്ളം ചേർത്ത് കുപ്പിയിലാക്കി കൊടുക്കുക, തേയിലവെള്ളത്തിൽ ബിസ്‌കറ്റ് നൽകുക തുടങ്ങിയവയായിരുന്നു കുട്ടികൾക്ക് നൽകിയിരുന്ന ഭക്ഷണം. കുട്ടികളെ കുളിപ്പിക്കുകയോ ശരിയായ പരിചരണം നൽകുകയോ ചെയ്തിരുന്നില്ല. ഒമ്പത് വയസ്സുള്ള മൂത്ത കുട്ടിയാണ് താഴെയുള്ള നാല് സഹോദരങ്ങളെ നോക്കിയിരുന്നതെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞുങ്ങൾക്ക് മുലപ്പാൽ പോലും നൽകിയിരുന്നില്ലെന്ന് കുട്ടിയുടെ മുത്തശ്ശിയും വെളിപ്പെടുത്തി.

രാഹുൽ മരിച്ച വിവരമറിഞ്ഞിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാപിതാക്കൾ തയ്യാറായില്ല. തുടർന്ന് മൃതദേഹം പിതാവ് രാജേഷിന്റെ ബന്ധുവീട്ടിലെത്തിച്ച് മറവുചെയ്യാനായിരുന്നു ശ്രമം. ഇവരുടെ ആദ്യ കുട്ടിയും സമാന സാഹചര്യത്തിൽ മരണപ്പെട്ടിരുന്നതായും അന്ന് വിവരമറിയിക്കാതെ പിതാവിന്റെ വീട്ടുവളപ്പിൽ മൃതദേഹം മറവ് ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ