Zygo-Ad

കള്ളുചെത്ത് പഠിക്കാൻ യുവാക്കൾക്ക് അവസരം; ഒരു മാസത്തെ പരിശീലനത്തിന് 10,000 രൂപ സ്റ്റൈപ്പൻഡും താമസവും


തിരുവനന്തപുരം: യുവാക്കളെ കള്ളുചെത്ത് തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി ഒരു മാസത്തെ പ്രത്യേക പരിശീലന കോഴ്‌സ് ആരംഭിക്കാൻ കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് നിർദേശം നൽകി. കള്ളുൽപ്പാദനത്തിന്റെ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം മേഖലയിലെ രൂക്ഷമായ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് നൽകും. കൂടാതെ ഇൻഷുറൻസ് പരിരക്ഷ, സൗജന്യ താമസ സൗകര്യം, ഭക്ഷണം എന്നിവയും ലഭ്യമാക്കുമെന്ന് ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.

ജില്ലാതലത്തിൽ അപേക്ഷിക്കാം

പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് അതത് ജില്ലകളിലെ കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം പരിഗണിച്ചായിരിക്കും പരിശീലന ക്ലാസുകൾ ക്രമീകരിക്കുക.

കള്ളുചെത്തുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനത്തിനൊപ്പം പരിസ്ഥിതിസൗഹൃദ വിളവെടുപ്പ് രീതികളും കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കും. രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, ചെത്തുന്ന തെങ്ങുകളും പനകളും സംരക്ഷിക്കുക, ആവാസവ്യവസ്ഥ നിലനിർത്തുക തുടങ്ങിയ വിഷയങ്ങൾക്ക് പരിശീലനത്തിൽ പ്രത്യേക പ്രാധാന്യം നൽകും. ഇതോടൊപ്പം തൊഴിൽസുരക്ഷ ഉറപ്പാക്കാനും ഉത്പന്നത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമായി നൂതന സാങ്കേതികവിദ്യകളും ഉപകരണങ്ങളും പരിചയപ്പെടുത്തും.

15 വർഷത്തിനിടെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

സംസ്ഥാനത്ത് കഴിഞ്ഞ 15 വർഷത്തിനിടെ കള്ളുചെത്ത് തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 25,000 ഉണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം നിലവിൽ 5,000 ആയി കുറഞ്ഞു. കള്ളുൽപ്പാദനം കൂടുതലുള്ള പാലക്കാട് ജില്ലയിലെ ചിറ്റൂർ മേഖലയിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്.

പുതിയ തലമുറയെ ഈ തൊഴിൽ മേഖലയിലേക്ക് ആಕರ್ഷിക്കുന്നതിലൂടെ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് ക്ഷേമനിധി ബോർഡിന്റെ പ്രതീക്ഷ.



വളരെ പുതിയ വളരെ പഴയ