Zygo-Ad

എസിയോ വലിയ വീടോ ഉള്ളവര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്


തിരുവനന്തപുരം: കേരളത്തില്‍ വീടുകളില്‍ എയര്‍കണ്ടീഷനര്‍ ഉള്ളവര്‍ക്കും രണ്ടായിരം ചതുരശ്ര അടിയോ അതില്‍ കൂടുതലോ വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്നവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടാകില്ല. നിലവില്‍ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ക്കും ഈ വ്യവസ്ഥ ബാധകമാണെന്ന് തദ്ദേശവകുപ്പ് വ്യക്തമാക്കി.

പെന്‍ഷന്‍ നല്‍കുന്നതില്‍ ഇത്തരക്കാര്‍ക്ക് യാതൊരുവിധ ഇളവുകളും നല്‍കാന്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് പോലും പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ കര്‍ശനമായി ഉറപ്പുവരുത്തണം. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ക്ഷേമ പെന്‍ഷന്‍ അര്‍ഹതാ മാനദണ്ഡങ്ങളില്‍ നിന്ന് എസിയും 1000 സിസിയില്‍ താഴെയുള്ള വാഹനങ്ങളും ഒഴിവാക്കിയെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ച വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും തദ്ദേശവകുപ്പ് വ്യക്തമാക്കി. അപേക്ഷകരുടെ സാമ്പത്തിക ശേഷി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ വിലയിരുത്തിയാണ് പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.


വളരെ പുതിയ വളരെ പഴയ