Zygo-Ad

വൈദ്യുതി കണക്ഷൻ നിരക്കിൽ 90 ശതമാനം വരെ ഇളവ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു

 


തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷനുകൾക്കുള്ള നിരക്കിൽ 90 ശതമാനം വരെ വൻ കുറവ് വരുത്തി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി). ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതിയ കണക്ഷൻ എടുക്കുന്നതിനും കണക്റ്റഡ് ലോഡ്, ഫേസ് എന്നിവയിൽ മാറ്റം വരുത്തുന്നതിനും ഇനിമുതൽ നിശ്ചിത നിരക്കിൽ പണമടയ്ക്കാം.

നേരത്തെ പുതിയ കണക്ഷൻ നൽകാൻ ഓവർഹെഡ് ലൈൻ, വൈദ്യുതിത്തൂൺ, ട്രാൻസ്ഫോർമർ എന്നിവ സ്ഥാപിക്കേണ്ടിവന്നാൽ അതിന്റെ മുഴുവൻ ചെലവും ഉപഭോക്താവ് തന്നെ വഹിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പുതിയ സംവിധാനത്തിൽ നിശ്ചിത തുക അപേക്ഷാ ഫീസിനൊപ്പം അടച്ചാൽ മതിയാകും. ഇതിനായി പ്രത്യേക ഫീൽഡ് പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതും കെഎസ്ഇബി ഓഫിസ് കയറിയിറങ്ങുന്നതുമായ നടപടികൾ ഒഴിവാക്കി.

നിലവിലെ വൈദ്യുതി ലൈനിൽനിന്ന് 200 മീറ്റർ പരിധിക്കുള്ളിലുള്ള, 1,000 കെവിഎ വരെ കണക്റ്റഡ് ലോഡുള്ള ഉപഭോക്താക്കൾക്കാണ് ആദ്യഘട്ടത്തിൽ ഈ പെർ കെവിഎ നിരക്ക് ബാധകമാകുന്നത്.

പുതുക്കിയ നിരക്കുകളുടെ വിവരങ്ങൾ ചുവടെ നൽകുന്നു:

 * ഗാർഹിക, ചെറുകിട ഉപഭോക്താക്കൾക്കുള്ള പുതിയ നിരക്കുകൾ (10 കിലോവാട്ട് വരെ)

 * രണ്ട് കിലോവാട്ട് വരെ (ഗാർഹിക കണക്ഷൻ): ₹2,000

 * ഒരു കിലോവാട്ട് വരെ (മറ്റ് ഉപഭോക്താക്കൾ): ₹2,500

 * ഒന്ന് മുതൽ രണ്ട് കിലോവാട്ട് വരെ: ₹3,000

 * രണ്ട് മുതൽ അഞ്ച് കിലോവാട്ട് വരെ: ₹5,000

 * അഞ്ച് മുതൽ ഏഴ് കിലോവാട്ട് വരെ: ₹8,000

 * ഏഴ് മുതൽ 10 കിലോവാട്ട് വരെ: ₹10,000

 * ഉയർന്ന ലോഡുള്ള കണക്ഷനുകൾക്കുള്ള നിരക്ക്

10 കിലോവാട്ടിന് മുകളിലുള്ള കണക്ഷനുകൾക്ക് കണക്റ്റഡ് ലോഡ് അല്ലെങ്കിൽ കോൺട്രാക്ട് ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്:

 * 10 മുതൽ 30 കെവിഎ/കിലോവാട്ട് വരെ: യൂണിറ്റിന് ₹1,560

 * 30 മുതൽ 40 കെവിഎ/കിലോവാട്ട് വരെ: ₹2,890

 * 40 മുതൽ 50 കെവിഎ/കിലോവാട്ട് വരെ: ₹4,225

 * 50 മുതൽ 100 കെവിഎ/കിലോവാട്ട് വരെ: ₹5,670

 * ദുർഘട മേഖലകൾക്കും ഫേസ് മാറ്റത്തിനും വലിയ ആശ്വാസം

ദുർഘടമേഖലകളിൽ കണക്ഷൻ എടുക്കുന്നവർക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും. ഉദാഹരണത്തിന്, നാല് പോസ്റ്റുകൾ ഉൾപ്പെടെ 200 മീറ്റർ ഓവർഹെഡ് ലൈൻ സ്ഥാപിച്ച് കണക്ഷൻ നൽകുന്നതിന് മുമ്പ് ഈടാക്കിയിരുന്ന 51,425 രൂപ എന്നത് വെറും 5,000 രൂപയായി കുറഞ്ഞു. ട്രാൻസ്ഫോർമർ സ്ഥാപിക്കേണ്ട കണക്ഷനുകൾക്കും ചെലവ് ഗണ്യമായി കുറയും.

കണക്റ്റഡ് ലോഡിൽ മാറ്റമില്ലാതെ സിംഗിൾ ഫേസിൽനിന്ന് ത്രീ ഫേസിലേക്ക് മാറുന്നതിന് കിലോവാട്ടിന് 700 രൂപ നൽകിയാൽ മതിയാകും. ഫേസ് മാറ്റത്തിനുശേഷം ആകെ കണക്റ്റഡ് ലോഡ് 10 കിലോവാട്ടിന് മുകളിലാണെങ്കിൽ മാത്രമേ അധിക ലോഡിനുള്ള തുക അടയ്ക്കേണ്ടതുള്ളൂ. റിങ് മെയിൻ യൂണിറ്റ് ആവശ്യമില്ലാത്ത ഹൈ ടെൻഷൻ കണക്ഷനുകൾക്ക് കെവിഎയ്ക്ക് 1,800 രൂപയാണ് നിരക്ക് (പരമാവധി പരിധി: അഞ്ച് ലക്ഷം രൂപ).

വളരെ പുതിയ വളരെ പഴയ