Zygo-Ad

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ


കോഴിക്കോട്: ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായ ഗൃഹനാഥ ലക്ഷണങ്ങളോടെ മരിച്ചു. ചികിത്സാപ്പിഴവിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. വടകര സ്വദേശിനി തങ്കമണി (49) ആണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഒക്ടോബർ അഞ്ചിനാണ് ശസ്ത്രക്രിയയ്ക്കായി തങ്കമണിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടാം തീയതി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി പിറ്റേദിവസം വാർഡിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പനിയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു.) പ്രവേശിപ്പിച്ചു.

ആദ്യ ശസ്ത്രക്രിയയ്ക്കിടെ വൻകുടലും മലാശയവും ചേരുന്ന ഭാഗത്ത് മുറിവുണ്ടായെന്നും ഇതിനെത്തുടർന്നുണ്ടായ ഗുരുതരമായ അണുബാധയാണ് മരണകാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. പന്ത്രണ്ടാം തീയതി വെന്റിലേറ്ററിലേക്ക് മാറ്റിയ തങ്കമണി വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആശുപത്രി അധികാരികൾക്കും പരാതി നൽകിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ