Zygo-Ad

എൽ നിനോ ഭീഷണി: ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്; അരിക്കും വെളിച്ചെണ്ണയ്ക്കും കാപ്പിക്കും വില കുതിച്ചുയരും


റോം: പസഫിക് സമുദ്രത്തിലെ താപനില വർധിക്കുന്ന എൽ നിനോ പ്രതിസന്ധി ആഗോളതലത്തിൽ കടുത്ത ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും വഴിവെക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) മുന്നറിയിപ്പ് നൽകി. നിലവിലെ യുദ്ധങ്ങളും വ്യാപാര നിയന്ത്രണങ്ങളും വിതരണ ശൃംഖലയെ തകർത്തതിന് പിന്നാലെ എൽ നിനോ കൂടി പാരമ്യത്തിലെത്തുന്നത് നിത്യോപയോഗ സാധനങ്ങളായ അരി, കാപ്പി, പാമോയിൽ, വെളിച്ചെണ്ണ എന്നിവയുടെ വില കുത്തനെ ഉയർത്തും.

ഈ വർഷം അവസാനത്തോടെ ശക്തി പ്രാപിക്കുന്ന എൽ നിനോ, പ്രധാന കാപ്പി ഉൽപ്പാദക രാജ്യങ്ങളായ ബ്രസീൽ, വിയറ്റ്നാം എന്നിവിടങ്ങളിലും പാമോയിൽ ഉൽപ്പാദിപ്പിക്കുന്ന ഇന്തൊനേഷ്യയിലും കടുത്ത വരൾച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിൽ മഴ കുറഞ്ഞത് നെൽകൃഷിയെ സാരമായി ബാധിച്ചപ്പോൾ ഓസ്ട്രേലിയയിൽ ഗോതമ്പ് ഉൽപ്പാദനത്തിൽ ഇടിവുണ്ടായി. ആഭ്യന്തര സുരക്ഷ മുൻനിർത്തി ഇന്ത്യ അരി കയറ്റുമതി നിയന്ത്രിച്ചാൽ അന്താരാഷ്ട്ര വിപണിയിൽ അരിവില കുതിച്ചുയരും.

പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം ഇന്ധന, രാസവള ലഭ്യത കുറഞ്ഞതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. വികസ്വര രാജ്യങ്ങളെയും ആഫ്രിക്കൻ രാഷ്ട്രങ്ങളെയുമാണ് കാലാവസ്ഥാ വ്യതിയാനവും വിലക്കയറ്റവും ഏറ്റവും രൂക്ഷമായി ബാധിക്കുക.



വളരെ പുതിയ വളരെ പഴയ