തിരുവനന്തപുരം: വാഹനങ്ങളുടെ നിറവും രൂപവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ നിബന്ധനകളോടെ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഗതാഗത കമ്മീഷണർ ജി സ്പർജൻ കുമാർ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എൻജിനും ഷാസിയും ഉൾപ്പെടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾക്കാണ് അനുമതിയുള്ളത്.
എല്ലാ മാറ്റങ്ങളും ഗതാഗത വകുപ്പിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ വരുത്താൻ പാടുള്ളൂ. 1988 ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചുകൊണ്ട് വരുത്തുന്ന മാറ്റങ്ങൾ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർസി) നിർബന്ധമായും രേഖപ്പെടുത്തണം.
റജിസ്റ്ററിങ് അതോറിറ്റിയുടെ അനുമതിയോടെ ആർസിയിൽ രേഖപ്പെടുത്തിക്കൊണ്ടു മാത്രമേ നിറം മാറ്റാൻ സാധിക്കൂ. എന്നാൽ കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനങ്ങൾ പ്രകാരമോ നിരോധിച്ച നിറങ്ങൾ ഉപയോഗിക്കാൻ പാടില്ല.
നിലവിലുള്ള അതേ സ്പെസിഫിക്കേഷനിലുള്ള (ഒരേ മോഡൽ, കപ്പാസിറ്റി, പവർ) എഞ്ചിൻ മാത്രമായിരിക്കും ആർസിയിൽ രേഖപ്പെടുത്തി മാറ്റിവെക്കാൻ കഴിയുക. ഒരേ നിർമ്മാതാവിന്റെ എൻജിനായിരിക്കണം ഇതിനായി ഉപയോഗിക്കേണ്ടത്. മറ്റൊരു വാഹനത്തിന്റെ എൻജിൻ മാറ്റിവെക്കുന്നത് അനുവദിക്കില്ല.
ഷാസി ഫ്രെയിം മാറ്റവും ബോഡി ഘടനയിലെ മാറ്റവും മുൻകൂർ അനുമതിയോടെ ആർസിയിൽ രേഖപ്പെടുത്തി ചെയ്യാം. എന്നാൽ ഒരുതരത്തിലുള്ള വാഹനത്തിനായി നിർമ്മിച്ച ഷാസി മറ്റൊരു തരത്തിലുള്ള വാഹനത്തിനായി മാറ്റാൻ അനുമതിയുണ്ടാകില്ല. ഇതിനുപുറമേ ഇന്ധന തരം മാറ്റുന്നതിനും പ്രൊപ്പൽഷൻ സിസ്റ്റം പരിഷ്കരിക്കുന്നതിനും വാഹനം ഭിന്നശേഷി സൗഹൃദമാക്കുന്നതിനും അനുമതിയുണ്ട്. വിശദമായ ഉത്തരവ് ട്രാൻസ്പോർട്ട് കമ്മീഷണർ അനുബന്ധ ഉദ്യോഗസ്ഥർക്ക് കൈമാറി.
