Zygo-Ad

ആശുപത്രികളില്‍ ചികിത്സാനിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

 


ആശുപത്രികളിലും മറ്റ് ചികിത്സാ സ്ഥാപനങ്ങളിലും ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശം. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ഈടാക്കുന്ന ചികിത്സാ നിരക്കുകളും ലഭ്യമായ സൗകര്യങ്ങളും വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചികിത്സാരംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കാനും രോഗീസൗഹൃദ സേവനം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ നടപി.

നിലവിലെ നിയന്ത്രണ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചികിത്സാ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വ്യക്തമായി കാണാവുന്നതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ രീതിയില്‍ ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത്. നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നത് പ്രതീക്ഷിക്കുന്ന ചികിത്സാ ചെലവ് മുന്‍കൂട്ടി മനസ്സിലാക്കാനും അനുയോജ്യമായ തീരുമാനങ്ങളെടുക്കാനും രോഗിക്കും കുടുംബത്തിനും സഹായകമാകും.

സുതാര്യത ഉറപ്പാക്കുന്നത് ബില്ലിംഗുമായി ബന്ധപ്പെട്ട അനാവശ്യ ആശയക്കുഴപ്പങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാനും ആരോഗ്യ പരിപാലന സംവിധാനത്തിലെ വിശ്വാസ്യത വര്‍ധിപ്പിക്കാനും സഹായിക്കും. ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണ വ്യവസ്ഥകള്‍ നല്‍കുന്ന ‘ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) നിയമം – 2010’, ‘ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്സ് (സെന്‍ട്രല്‍ ഗവണ്‍മെന്റ്) റൂള്‍സ് 2012’ എന്നിവ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ നിയമം ബാധകമായ സ്ഥലങ്ങളില്‍ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ചട്ടങ്ങളില്‍ വ്യവസ്ഥയുണ്ട്.

വിദേശ രോഗികളുടെ ചികിത്സാനിരക്കുകളിലെ സുതാര്യതയ്ക്കും കത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ അല്ലെങ്കില്‍ ആയുഷ് വിസകളില്‍ ഇന്ത്യയിലെത്തുന്ന വിദേശ രോഗികള്‍ക്ക് നല്‍കുന്ന പാക്കേജ് നിരക്കുകള്‍ അനുയോജ്യമായ രീതിയില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യാന്തര രോഗികളെ ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന ഈ നടപടി ബില്ലിംഗ് സംബന്ധിച്ച പരാതികള്‍ കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ