രണ്ടായിരം രൂപയ്ക്കു മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ (എൻപിസിഐ) നീട്ടിവെച്ചു. ഉത്സവ സീസണോടനുബന്ധിച്ച് വ്യാപാരികള്‍ക്കുണ്ടായേക്കാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണിതെന്ന് എൻപിസിഐ അറിയിച്ചു.
വ്യവസായ സ്ഥാപനങ്ങള്‍, ഫിൻടെക് കമ്പനികള്‍, പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ, വ്യാപാരി സംഘടനകള്‍ എന്നിവർ ഇതുസംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. ഒക്ടോബർ 15 മുതല്‍ നിരക്ക് പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാറ്റങ്ങൾ നടപ്പിലാക്കുന്ന കൃത്യമായ തീയതി എൻപിസിഐ പിന്നീട് അറിയിക്കും.
2,000 രൂപയ്ക്ക് മുകളിലുള്ള യോഗ്യമായ ഇടപാടുകള്‍ക്ക് 0.4 ശതമാനം നിരക്കില്‍ ഫീസ് ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. പരമാവധി 300 രൂപ വരെയാകും ഈടാക്കുക. അതേസമയം സ്കൂള്‍-കോളേജ് ഫീസുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിങ്, പെട്രോള്‍ പമ്പുകള്‍, വൈദ്യുതി-വെള്ളം ബില്ലുകള്‍, ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിങ്ങനെയുള്ളവയ്ക്ക് ഒരിടപാടിന് അഞ്ചു രൂപയാണ് ഈടാക്കുക. യുപിഐയില്‍ വ്യാപാരികളുടെ കാറ്റഗറി കോഡും ഫീസിനെ സ്വാധീനിക്കുന്നുണ്ട്. ഈ മാറ്റങ്ങള്‍ വ്യാപാരികള്‍ക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.
