തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത വാഹനാപകടം സംബന്ധിച്ച വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവത്തിൽ പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായതായി പ്രതിപക്ഷ നേതാവ് സഭയിൽ ആരോപിച്ചു.
എന്നാൽ അപകടവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയ്ക്ക് ഉറപ്പുനൽകി. അപകടത്തെ വർഗീയമായി ചിലർ കാണുന്നുണ്ടെന്നും അത് അപലപനീയമാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഈ പ്രസ്താവനയോട് പൂർണ്ണമായി യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കേസിന്റെ അന്വേഷണം ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന് കൈമാറിയതായും, കുടുംബത്തിന്റെ പരാതി ഐ.ജി നിശാന്തിനി കേൾക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
നെടുമ്പാശ്ശേരിയിലേത് നാടിനെ നടുക്കിയ അപകടമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. അപകടത്തിന് കാരണക്കാരനായ ചെറുപ്പക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചെങ്കിലും, പൊലീസ് ജി.ഡി എൻട്രിയും എഫ്.ഐ.ആറും രജിസ്റ്റർ ചെയ്യാൻ മൂന്ന് മണിക്കൂറോളം വൈകിയെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു.
