സംസ്ഥാനത്ത് വളർത്തുനായ്ക്കളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കൽ എന്നിവ നിയന്ത്രിക്കുന്നതിനായി സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. ഇതിന്റെ ഭാഗമായി ഒരു വീട്ടിൽ പരമാവധി മൂന്ന് വളർത്തുനായ്ക്കൾ മാത്രമേ ഇനിമുതൽ പാടുള്ളൂവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. വളർത്തുനായ്ക്കൾക്ക് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ ഉടൻ നിലവിൽ വരും.
അനിയന്ത്രിതമായ പ്രജനനം തടയുന്നതിനും ഉത്തരവാദിത്തപരമായ പെറ്റ് ഓണർഷിപ്പ് ഉറപ്പാക്കുന്നതിനുമാണ് ഈ പരിധി ഏർപ്പെടുത്തുന്നത്. രജിസ്ട്രേഷനില്ലാതെ വളർത്തുനായ്ക്കളെ സംരക്ഷിക്കുന്നത് കുറ്റകരമായിരിക്കും. അനധികൃത പ്രജനനം നടത്തുന്നവർക്കും പരിധി ലംഘിക്കുന്നവർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. വളർത്തു മൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്ക് 10,000 രൂപ പിഴ ചുമത്താനും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തെരുവ് നായകളെ ദത്തെടുക്കലും ഈ സമഗ്ര നയത്തിന്റെ പ്രധാന ഭാഗമാണ്. നായകളുടെ പ്രജനനത്തിനായി പ്രത്യേക ലൈസൻസ് നൽകാനും, ദത്തെടുക്കുന്നവ ഉൾപ്പെടെയുള്ള എല്ലാ വളർത്തുനായ്ക്കൾക്കും വന്ധ്യകരണം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പെറ്റ് ഷോപ്പുകൾക്കും പുതിയ കർശന നിയന്ത്രണങ്ങൾ ബാധകമാകും. ട്രേഡ് ലൈസൻസ് നൽകുന്നതിന് മുൻപ് അനിമൽ വെൽഫെയർ ബോർഡിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കുമെന്നും പുതിയ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്നു. നിയമങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുന്ന കൈപുസ്തകം ഈ ആഴ്ച തന്നെ പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.
