കോഴിക്കോട്: പയ്യോളിയിൽ ടിവി പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ വീടിന് നാശനഷ്ടം. തുറയൂരിലെ എരുവോട്ട് വയലിൽ താമസിക്കുന്ന മീനാക്ഷിയുടെ വീട്ടിലെ ടിവിയാണ് പൊട്ടിത്തെറിച്ചത്. സംഭവസമയത്ത് മീനാക്ഷി തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്.
വൈകീട്ട് നാല് മണിയോടെ ടിവിയുടെ സ്വിച്ച് ഓൺ ചെയ്തപ്പോൾ പുക ഉയരുന്നത് കണ്ട് മീനാക്ഷി ഉടൻ തന്നെ സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് ഊരിമാറ്റിയിരുന്നു. തുടർന്ന് സമീപവാസികളെ വിവരം അറിയിക്കാൻ പുറത്തിറങ്ങിയ സമയത്ത് വലിയ ശബ്ദത്തോടെ രണ്ട് തവണ ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ വീട്ടിലേക്ക് തീ പടരുകയും ചെയ്തു.
വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും നാട്ടുകാർ ചേർന്ന് തീ അണച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും മറ്റ് വീട്ടുപകരണങ്ങൾ പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു. ടിവി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
