തിരുവനന്തപുരം: മധ്യകേരളത്തിൽനിന്ന് കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ മലബാർ മേഖലകളിലേക്കുള്ള റെയിൽവേ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് അംഗീകാരം. ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തിവന്നിരുന്ന ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ കണ്ണൂരിനപ്പുറത്തേക്ക് യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടിയിരുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
വൈകീട്ട് 3:50-ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ വൈകീട്ട് 5:08-ന് എറണാകുളം ജങ്ഷനിലും രാത്രി 10:22-ഓടെ കോഴിക്കോടും എത്തിച്ചേരുന്ന രീതിയിലാണ് നിലവിലുള്ളത്. എന്നാൽ, രാത്രി 12:10-ഓടെ കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചിരുന്നതിനാൽ പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രികർ അർധരാത്രി കണ്ണൂരിൽ ഇറങ്ങി കെ.എസ്.ആർ.ടി.സി. ബസുകളെ ആശ്രയിക്കേണ്ട ദുരിതാവസ്ഥയായിരുന്നു. സർവീസ് കാസർകോട്ടേക്ക് ദീർഘിപ്പിക്കുന്നതോടെ കണ്ണൂരിനും കാസർകോടിനും ഇടയിലുള്ള പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിൻ യാത്രികർക്ക് ആശ്വാസമാകും. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിൽ ആവശ്യമായ സാങ്കേതിക പരിശോധനകളും സമയക്രമീകരണ നടപടികളും പൂർത്തിയാക്കിയ ശേഷമാകും സർവീസ് ഔദ്യോഗികമായി ആരംഭിക്കുക.
