Zygo-Ad

എസ്.ബി.ഐ. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നു: 3,897 പേരുടെ രേഖകൾ ഡാർക്ക് വെബിൽ


ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ (എസ്.ബി.ഐ.) ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ പേര്, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ വിലാസം, മേൽവിലാസം, ബാങ്ക് അക്കൗണ്ട് ഐഡന്റിഫയറുകൾ, വായ്പാ അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയാണ് ഡാർക്ക് വെബിൽ കണ്ടെത്തിയത്. സംഭവത്തിൽ സൈബർ സുരക്ഷാ അന്വേഷണം ആരംഭിച്ചതായി എസ്.ബി.ഐ. വ്യക്തമാക്കി.

അതേസമയം ചോർച്ച ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്തൃ വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് കാട്ടി ഒക്ടോബർ 16-ന് ത്രെട്ട് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, സർട്ട്-ഇൻ (CERT-In) എന്നിവയിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ബാങ്ക് വെളിപ്പെടുത്തി. ബ്രാഞ്ച് ഐഡന്റിഫയറുകൾ, ലീഡ് ഐഡികൾ, മറ്റ് അനുബന്ധ ഫയലുകളുടെ മെറ്റാഡാറ്റ എന്നിവയും പുറത്തായവയിൽ ഉൾപ്പെടുന്നു.

'സിറിയസിം' (Siriusim) എന്ന ഹാക്കർ സംഘം 3.75 ലക്ഷം എസ്.ബി.ഐ. ഉപഭോക്താക്കളുടെ വിവരങ്ങൾ കൈവശമുണ്ടെന്ന് ഡാർക്ക് വെബ് ഫോറത്തിൽ അവകാശപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇതിന് പിന്നിലെ സംഘത്തെക്കുറിച്ച് ബാങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എസ്.ബി.ഐ. അറിയിച്ചു.



വളരെ പുതിയ വളരെ പഴയ