തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 10 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മഴ കനത്തതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ ഇടിമിന്നലിനും സാധ്യയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഈ മാസം 25 വരെ മത്സ്യബന്ധനത്തിന് പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
