Zygo-Ad

വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിൽ വിനോദയാത്രാ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി; ‘വിജ്ഞാന ദർശിനി’ക്ക് തുടക്കം


തിരുവനന്തപുരം: വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദയാത്രയും പ്രായോഗിക അറിവും ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക പാക്കേജായ ‘വിജ്ഞാന ദർശിനി’ പദ്ധതിക്ക് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പിലാക്കുന്നത്.

സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ച് വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം പുതിയ അനുഭവങ്ങൾ നേടാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപ പ്രദേശങ്ങളിലേക്കുമാണ് പാക്കേജുകൾ തയ്യാറാക്കിയിട്ടുള്ളത്. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുര ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ സ്ഥലങ്ങളും യാത്രയുടെ ഭാഗമാകും. മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.

ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം ഇൻഡസ്ട്രിയൽ വിസിറ്റുകൾ ഉൾപ്പെടെയുള്ള യാത്രകളും ഇതിന്റെ ഭാഗമായി ക്രമീകരിക്കും. പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി അതത് ജില്ലകളിലെ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ കോഓഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ