കണ്ണൂർ: വിവരാവകാശ അപേക്ഷകൾക്ക് വെറുമൊരു മറുപടി നൽകിയാൽ മാത്രം പോരെന്നും, അപേക്ഷകർ ആവശ്യപ്പെട്ട വിവരങ്ങൾ വ്യക്തമായി തന്നെ ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ പറഞ്ഞു. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കുന്നില്ലെന്ന പരാതിയിലാണ് മിക്ക അപ്പീലുകളും കമ്മീഷന് മുന്നിലെത്തുന്നത്. ഓഫീസുകളിൽ ലഭ്യമായതും നൽകാൻ തടസ്സമില്ലാത്തതുമായ വിവരങ്ങൾ പോലും നൽകാൻ ചില വിവരാവകാശ ഓഫീസർമാർ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
പൊതുജനങ്ങൾ നൽകുന്ന പരാതികളിലും അപേക്ഷകളിലും തീരുമാനമാകാൻ വൈകുന്നതാണ് വിവരങ്ങൾ തേടി ആർ.ടി.ഐ. അപേക്ഷകൾ നൽകാൻ കാരണം. പരാതികളിൽ യഥാസമയം നടപടി സ്വീകരിച്ചാൽ വിവരാവകാശ അപേക്ഷകളുടെ എണ്ണം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിയറിങ്ങിൽ പരിഗണിച്ച 19 കേസുകൾ തീർപ്പാക്കി. ഒരു ഹർജി മാറ്റിവെച്ചു. വ്യക്തമായ വിവരങ്ങൾ നൽകാതിരുന്ന കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ്, ഡി.വൈ.എസ്.പി. ഓഫീസ് കണ്ണൂർ, കെൽട്രോൺ കണ്ണൂർ, കണ്ണൂർ കളക്ടറേറ്റ് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാരോട് കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചു.
നിശ്ചിത സമയത്തിനുള്ളിൽ വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. ഹിയറിങ്ങിൽ ഹാജരാകാതിരുന്ന ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകാൻ സമൻസ് അയക്കുമെന്നും കമ്മീഷണർ അറിയിച്ചു.
