കണ്ണൂർ: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തന്റെ പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത് കൃത്രിമ മൊഴിയാണെന്ന് വെളിപ്പെടുത്തി വനിതാ എസ്.ഐ. മുൻ കണ്ണൂർ ടൗൺ എസ്.ഐ. ദീപ്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മൊഴി നൽകിയത്. പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയതായി അന്വേഷണ സംഘം തന്റെ പേരിൽ വ്യാജമായി മൊഴി ഉണ്ടാക്കുകയായിരുന്നുവെന്നും ആദ്യ അന്വേഷണ സംഘം തന്റെ മൊഴിയെടുത്തിട്ടേയില്ലെന്നും അന്നത്തെ റെയിൽവേ സ്റ്റേഷനിലെ മന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥ കൂടിയായ ദീപ്തി വ്യക്തമാക്കി.
അതേസമയം, കേസിൽ തെറ്റായ മൊഴി നൽകിയ മന്ത്രിയുടെ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് സാധ്യതയുണ്ട്. അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്.ഐ.ടി. ഉടൻ ഡി.ജി.പി.ക്ക് കൈമാറുമെന്നാണ് വിവരം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധത്തിൽ അഭിലാഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ.എസ്.യു. പ്രവർത്തകർക്കെതിരെ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നത്.
പ്രതിഷേധക്കാർ ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന മുൻനിലപാട് എസ്.ഐ.ടി.ക്ക് മുൻപിൽ അഭിലാഷ് തിരുത്തി. മന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദേശപ്രകാരമാണ് നേരത്തെ തെറ്റായ മൊഴി നൽകിയതെന്നും ഇയാൾ വെളിപ്പെടുത്തി. ഗൺമാന്റെയും എസ്.ഐ.യുടെയും മൊഴിമാറ്റം കേസിൽ നിർണായക വഴിത്തിരിവായിരിക്കുകയാണ്.
