Zygo-Ad

ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കാം; സുപ്രീം കോടതി ഉത്തരവ്


ന്യൂഡൽഹി: ട്രാഫിക് പെറ്റി തുക അടയ്ക്കാത്തവരുടെ വാഹനം പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി. പിഴ തുക അടച്ചു തീർക്കുന്നതുവരെ വാഹനവുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങളൊന്നും ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർദിവാല, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.

പെറ്റി അടയ്ക്കാത്ത വാഹനങ്ങളുടെ ആർ. സി. പുതുക്കൽ, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവ തടയണമെന്നും ഫിറ്റ്‌നസ്, പി. യു. സി. സർട്ടിഫിക്കറ്റുകൾ നൽകരുതെന്നും കോടതി വ്യക്തമാക്കി. ഇത്തരം വാഹനങ്ങളെ പരിവാഹൻ പോർട്ടലിൽ കരിമ്പട്ടികയിൽ പെടുത്തണം. രാജ്യത്ത് ഇ-ചെല്ലാൻ ഇനത്തിൽ 23,000 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്ന വിവരം കണക്കിലെടുത്താണ് വിധി. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യണമെന്നും എ. ഐ. അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിച്ച് തുക പിരിച്ചെടുക്കാൻ സംസ്ഥാനങ്ങൾ ശക്തമായ നടപടിയെടുക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

അതേസമയം, ഇ-ചെല്ലാൻ കേസുകൾ തീർപ്പാക്കുന്നതിനായി കേരളം പിഴകളിൽ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2026 മാർച്ച് 31 വരെ ലഭിച്ചതും കോടതിയിലേക്ക് കൈമാറാത്തതുമായ ചെല്ലാനുകൾക്കാണ് ഇളവ് ബാധകമാകുന്നത്. വാഹന ഉടമകൾക്ക് നവംബർ ഒന്നു മുതൽ 2027 ജനുവരി 31 വരെയുള്ള കാലയളവിൽ ഈ ഇളവോടെ തുക അടച്ചു തീർക്കാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ