തിരുവനന്തപുരം: അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ രൂക്ഷമാകുന്നു. ശനിയാഴ്ച മാത്രം 7,740 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. മലപ്പുറം ജില്ലയിലാണ് പനിബാധിതരുടെ എണ്ണം കൂടുതൽ. ഇതിനുപുറമെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ പ്രതിദിനം അഞ്ഞൂറിലധികം ആളുകൾ ചികിത്സ തേടുന്നുണ്ട്.
പനിക്കു പുറമെ ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും പടരുകയാണ്. ശനിയാഴ്ച 34 പേർക്ക് ഡെങ്കിപ്പനിയും 10 പേർക്ക് എലിപ്പനിയും 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. 107 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഈ വർഷം ഏറ്റവും കൂടുതൽ മരണത്തിന് കാരണമായ ഇൻഫ്ലുവൻസ 39 പേർക്ക് പുതിയതായി സ്ഥിരീകരിച്ചു. മഴയും കാലാവസ്ഥാ മാറ്റവുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണമായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ശരീരവേദനയും ക്ഷീണവും അനുഭവപ്പെടുന്നവർ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്ന് കഴിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
