Zygo-Ad

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 7740 പേർ

 


തിരുവനന്തപുരം: അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾക്കിടെ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നു. ഇന്നലെ മാത്രം 7740 പേരാണ് സംസ്ഥാനത്തുടനീളം പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ നേടിയത്. മലപ്പുറം ജില്ലയിലാണ് പനിബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ. ഇൻഫ്ലുവൻസ ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് കുറവാണെന്ന പരാതിയും ഉയരുന്നുണ്ട്.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്നലെ മാത്രം 1345 പേർക്ക് പനി ബാധിച്ചു. 34 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 107 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഇതിനുപുറമേ 10 പേർക്ക് എലിപ്പനിയും 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. രണ്ട് ഷിഗല്ല കേസുകളും 24 മഞ്ഞപ്പിത്ത കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണത്തിനിടയാക്കിയ ഇൻഫ്ലുവൻസ നിലവിൽ 39 പേർക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇൻഫ്ലുവൻസ വൈറസ് മൂലം ശ്വാസകോശത്തെയും തൊണ്ടയെയും ബാധിക്കുന്ന രോഗമാണിത്.

മലപ്പുറത്തിന് പുറമേ തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ പ്രതിദിനം അഞ്ഞൂറിലധികം ആളുകൾ വിവിധതരം പനികൾക്ക് ചികിത്സ തേടുന്നുണ്ട്. തുടർച്ചയായ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് പകർച്ചവ്യാധികൾ പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.

ശരീരവേദന, കടുത്ത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ യാതൊരു കാരണവശാലും സ്വയം ചികിത്സ നടത്തരുതെന്നും ആരോഗ്യപ്രവർത്തകരുടെ കൃത്യമായ നിർദ്ദേശപ്രകാരം പരിശോധനകളും ചികിത്സയും തേടണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.



വളരെ പുതിയ വളരെ പഴയ