ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസത്തിന്റെയും ഡിജിറ്റൽ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പർശത്തെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കണമെന്ന് സുപ്രീം കോടതി. ക്ലാസ് മുറികൾ, ഹോസ്റ്റലുകൾ, ലൈബ്രറികൾ, കമ്പ്യൂട്ടർ ലാബുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കുട്ടികൾക്കായി ഹെൽപ് ലൈൻ നമ്പറുകൾ പ്രദർശിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ചൂഷണം ചെയ്യപ്പെടുന്നതായോ ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചോ കുട്ടികൾ പരാതി അറിയിച്ചാൽ ഉചിതമായി പ്രതികരിക്കാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണം. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരന്തരമായി ബോധവൽക്കരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കൂടാതെ, കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് സൗജന്യ കൗൺസിലിങ്, മാനസിക പിന്തുണ, അടിയന്തര ചികിത്സ എന്നിവയും ഉറപ്പാക്കണം. ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ സുപ്രധാന ഉത്തരവുകൾ.
