കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ ദിനത്തിൽ തന്നെ ഭക്ഷണ വിതരണത്തിൽ വ്യാപക പാളിച്ച. മേളയിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികൾക്കും പരിശീലകർക്കും സമയത്തിന് ഭക്ഷണം ലഭിക്കാൻ വൈകുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. കായികതാരങ്ങൾക്ക് പുറമേ മാധ്യമപ്രവർത്തകർക്കും ഒഫീഷ്യൽസിനുമുള്ള ഭക്ഷണവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
11 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നത്. കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസ് ഗ്രൗണ്ടിൽ നടക്കുന്ന മേളയുടെ ആദ്യ ദിനത്തിൽ ഭിന്നശേഷിക്കാർക്കായുള്ള ഇൻക്ലൂസീവ് മത്സരങ്ങളാണ് ആരംഭിച്ചത്. ഫുട്ബോൾ, ഹാൻഡ്ബോൾ, ബാസ്കറ്റ്ബോൾ തുടങ്ങിയ ഗെയിം ഇനങ്ങളും ഇന്ന് വേദിയിൽ അരങ്ങേറുന്നുണ്ട്. എന്നാൽ ആദ്യ ദിവസം തന്നെ ഉയർന്ന ഭക്ഷണ വിതരണത്തിലെ ക്രമക്കേട് കായികതാരങ്ങളെയും സംഘാടകരെയും ഒരുപോലെ വിഷമത്തിലാക്കിയിട്ടുണ്ട്.
