Zygo-Ad

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ച് പുസ്തകങ്ങൾ നിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കുന്നതിനായി സംസ്ഥാന സർക്കാർ നിർണായക നടപടികളിലേക്ക്. ഇതിന്റെ ഭാഗമായി ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പാഠപുസ്തകങ്ങൾ നിർമ്മിക്കുമെന്നും അടുത്ത മാസം 24-ന് വിഷയം സംബന്ധിച്ച് പ്രത്യേക യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നിയമസഭയിൽ വ്യക്തമാക്കി.

പുസ്തകങ്ങളുടെ വലിപ്പവും ഭാരവും കുറയ്ക്കുന്നതിനായി അർദ്ധവാർഷിക അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങളെ വിഭജിച്ച് ചുരുക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. കൈപ്പമംഗലം എംഎൽഎ കെ.കെ. വത്സരാജിന് മണ്ഡലത്തിലെ ഒരു സ്കൂൾ ലീഡർ നൽകിയ നിവേദനം റൂൾ 113 പ്രകാരം നിയമസഭയിൽ അവതരിപ്പിച്ചതിനെ തുടർന്നാണ് വിഷയം ചർച്ചയായത്. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം.

നിയമസഭാ ചട്ടം 113 പ്രകാരം നിയമസഭാംഗങ്ങൾക്ക് സഭയിൽ പെറ്റീഷൻ അവതരിപ്പിക്കാനുള്ള അനുമതിയുണ്ട്. വിദ്യാർത്ഥിനി നൽകിയ നിവേദനം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. ചട്ടപ്രകാരം ഇതിന്മേൽ സഭയിൽ നേരിട്ട് വാദപ്രതിവാദങ്ങൾ നടക്കില്ലെങ്കിലും വിഷയം സഭയുടെ പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

 

വളരെ പുതിയ വളരെ പഴയ