തിരുവനന്തപുരം: നിലവിലെ ശമ്പളവും ആനുകൂല്യങ്ങളും മണ്ഡലത്തിലെ പ്രവർത്തന ചെലവുകൾക്ക് തികയുന്നില്ലെന്ന എംഎൽഎമാരുടെ പരാതി പരിഹരിക്കാൻ തീരുമാനമായി. എംഎൽഎമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും വിഷയം സംബന്ധിച്ച് ചർച്ച നടത്തിയെന്നും എംഎൽഎമാരുടെ ഉയർന്ന ചെലവുകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018-ലാണ് അവസാനമായി എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും പുതുക്കിയത്. ശമ്പളപരിഷ്കരണം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷൻ അന്ന് 30 മുതൽ 35 ശതമാനം വരെ വർധനവാണ് ശുപാർശ ചെയ്തിരുന്നത്. നിലവിൽ 70,000 രൂപയാണ് എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം. മണ്ഡലം അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാബത്ത തുടങ്ങിയ ആനുകൂല്യങ്ങളും ഉൾപ്പെടെയാണ് ഈ തുക നൽകുന്നത്.
