തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക ചെലവുചുരുക്കൽ നടപടികൾ പാലിക്കണമെന്ന് ധനകാര്യ വകുപ്പ് കർശന നിർദ്ദേശം നൽകുന്നതിനിടയിൽ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ പേഴ്സണൽ സ്റ്റാഫിനുമായി ആപ്പിൾ ഐപാഡുകൾ വാങ്ങാൻ സർക്കാർ നടപടികൾ തുടങ്ങി. 6.7 കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനാണ് പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ഇ-ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ ധവളപത്രം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് വൻതുക ചെലവഴിച്ചുള്ള ഐപാഡ് വാങ്ങൽ പദ്ധതി. മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കുമായി ഐ.ടി ഹാർഡ്വെയറുകൾ വാങ്ങുന്നതിനുള്ള ചെലവ് പരിധി അടുത്തിടെ സെപ്റ്റംബറിൽ 1.5 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒക്ടോബർ 16-ന് കെൽട്രോൺ ഇ-ടെൻഡർ പുറപ്പെടുവിച്ചത്.
ടെൻഡർ രേഖകൾ പ്രകാരം 160 യൂണിറ്റ് 13 ഇഞ്ച് ഐപാഡ് പ്രോ (256GB), 160 യൂണിറ്റ് 11 ഇഞ്ച് ഐപാഡ് പ്രോ (256GB), 160 യൂണിറ്റ് 11 ഇഞ്ച് ഐപാഡ് (A16) വൈഫൈ + സെല്ലുലാർ (256GB) എന്നിവയാണ് വാങ്ങുന്നത്. 13 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി ഏകദേശം 3.19 കോടി രൂപയും (ഒരെണ്ണത്തിന് ഏകദേശം 1,99,000 രൂപ), 11 ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി 2.23 കോടി രൂപയും ബാക്കി തുക മറ്റ് മോഡലുകൾക്കുമായി ചെലവഴിക്കും.
