കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖല വേർപെട്ട് മൈസൂരു ഡിവിഷനിലേക്ക് മാറിയതോടെ അവിടെയുണ്ടായിരുന്ന ഗാർഡ് ക്രൂ, ലോക്കോ പൈലറ്റ് ഡിപ്പോകൾ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി മംഗളൂരു ജംഗ്ഷനിൽ നിന്ന് ഗുഡ്സ് ലോക്കോ പൈലറ്റുമാർ, അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർമാർ എന്നിവരുടെ തസ്തികകളും ജീവനക്കാരെയും കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും മാറ്റിയിട്ടുണ്ട്. നിലവിൽ സ്റ്റേബ്ലിങ് ലൈൻ, സിക്ക് ലൈൻ, ലോക്കോ റണ്ണിങ് റൂം തുടങ്ങിയ സൗകര്യങ്ങളുള്ള കണ്ണൂരിൽ ഭാവിയിൽ പിറ്റ്‌ലൈനും കോച്ചിങ് മെയ്ന്റനൻസ് ഷെഡും എത്തുന്നതോടെ സ്റ്റേഷന്റെ വികസനത്തിന് കൂടുതൽ വേഗം കൈവരും.
അതേസമയം, മേഖല മാറ്റത്തിന്റെ ഭാഗമായി മൈസൂരു ഡിവിഷനിലെ ഉദ്യോഗസ്ഥർ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ പരിശോധന നടത്തുകയും പ്ലാറ്റ്‌ഫോമുകളിലെ ബോർഡുകളും ഓഫീസ് രേഖകളും മാറ്റിത്തുടങ്ങുകയും ചെയ്തു. സൗത്ത് വെസ്റ്റേൺ റെയിൽവേ രേഖപ്പെടുത്തിയ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായി കഴിഞ്ഞ രാത്രിയിൽ സ്റ്റേഷനിലെ സോഫ്റ്റ്‌വെയർ നവീകരണവും പൂർത്തിയാക്കി. മാറ്റങ്ങൾ നിലവിൽ വന്നതോടെ പാലക്കാട്-മൈസൂരു ഡിവിഷനുകളുടെ പുതിയ ഇന്റർചേഞ്ചിങ് പോയിന്റായി ഉള്ളാൾ മാറി. തോക്കൂർ കൊങ്കൺ റെയിൽവേയുടെ ഭാഗമായി തുടരുമ്പോൾ, പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാനസ്രോതസ്സായിരുന്ന പനമ്പൂർ റെയിൽവേ യാഡ് ഇനിമുതൽ മൈസൂരു ഡിവിഷന് കീഴിലാകും.
